Jyothis E Library: Benson T Saji Oliyil ś
Showing posts with label Benson T Saji Oliyil. Show all posts
Showing posts with label Benson T Saji Oliyil. Show all posts

Tuesday, 7 July 2020

2010 മെയ്മാസം 12

പരിശുദ്ധ ദിദിമോസ് ബാവായും
മാർ ഏലിയാ കത്തീഡ്രലും ചരിത്രത്തിലേക്ക്

2010 മെയ്മാസം 12ന് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ വെച്ച് നടത്തിയ ഏഴ് മേൽപാട്ടക്കാരുടെ വാഴ്ചയോടെ പരിശുദ്ധ ദിദിമോസ് ബാവായും കോട്ടയം മാർ ഏലിയാ കത്തീഡ്രലും ചരിത്രത്തിലേക്ക്. 2009 ഫെബ്രുവരി 19ന് അദ്ദേഹം ഏഴ് പേരെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വെച്ചും വാഴിച്ചിരുന്നു. ഇതോടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ വാഴിക്കപ്പെടുന്ന മേൽപാട്ടക്കാരുടെ എണ്ണം 14 ആയി.

ഇക്കാര്യത്തിൽ അടുത്ത സ്ഥാനം 2 കാതോലിക്കാമാർക്കാണ് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആറു തവണയായി 11 പേരെയും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ മൂന്നു തവണയായി 11 പേരെയും എപ്പിസ്കോപ്പമാർ ആയി വാഴിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ രണ്ടുതവണയായി 10 പേരെയും, പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവാ രണ്ടുതവണയായി എട്ടു പേരെയും വാഴിച്ചു.

കോട്ടയം ഏലിയാ കത്തീഡ്രലിൽ വെച്ച് മേൽപ്പട്ടസ്ഥാനമേറ്റവരുടെ എണ്ണം ഇതോടെ 14 ആകും, ഇവിടെ വെച്ച് 1929 ഫെബ്രുവരി 16ന് രണ്ടും 1953 മെയ് 15ന് അഞ്ചും എപ്പിസ്കോപ്പമാർ വാഴിക്കപ്പെട്ടു . ബഥനിയുടെ ഗീവർഗീസ് മാർ ഈവാനിയോസ് എപ്പിസ്കോപ്പ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടതു ( 1929 ഫെബ്രുവരി 15) ഇവിടെയാണ്. 1953 വാഴിക്കപ്പെട്ട മാത്യൂസ് മാർ അത്താനാസിയോസ് ( പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ ) മാത്യൂസ് മാർ കൂറിലോസ് ( പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവാ ) എന്നിവർ പിന്നീട് (1975, 1991) കാതോലിക്കാമാരായി.

പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും (1929 ഫെബ്രുവരി 15) പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്ക ബാവായുടെയും (1964 മെയ് 22 ) പൗരസ്ത്യ കാതോലിക്കാ സ്ഥാനാരോഹണം നടന്നത് ഇവിടെയാണ്.
ഏറ്റവും കൂടുതൽ പ്രാവശ്യം (10) മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേർന്നതും,1934 ഡിസംബർ 26 മലങ്കര സഭ ഭരണഘടന പാസാക്കിയതും
ഇവിടെയുള്ള എം. ഡി. സെമിനാരിയിലാണ്.

കൂനൻകുരിശു സത്യത്തിനു (1653) ശേഷം മലങ്കര സഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മേൽപ്പട്ടവാഴ്ചകൾ നടന്നത് പരുമല സെമിനാരിയിലാണ്. ഇവിടെ വച്ച് അഞ്ച് തവണയായി (1912, 1930, 1991, 1993, 2005) 13 മേൽപട്ടക്കാർ വാഴിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്കു പുറമേ രണ്ട് പ്രാവശ്യം (1991 ഏപ്രിൽ 29, 2005 ഒക്ടോബർ 31 ), പൗരസ്ത്യ കാതോലിക്കാ സ്ഥാനാരോഹണവും നടന്നിട്ടുണ്ട്. കോട്ടയം മാർ ഏലിയാ കത്തീഡ്രലും, പരുമല സെമിനാരിയിലും, കൂടാതെ നിരണം വലിയപള്ളിയിൽ വെച്ച് രണ്ട് പ്രാവശ്യവും ( 1912, 1925 ) കോട്ടയം പഴയ സെമിനാരിയിൽ ഒരു പ്രാവശ്യവും (1975 )പൗരസ്ത്യ കാതോലിക്കാ സ്ഥാനാരോഹണം നടന്നിട്ടുണ്ട്.

ആധുനിക കാലത്ത് നിരണം വലിയപള്ളിയിൽ ഏഴുപേർ മേൽപട്ടസ്ഥാനമേറ്റിട്ടുണ്ട്. പുതുപ്പള്ളി പള്ളിയിൽ ഒരുമിച്ച് ഇത്രയും പേർ വാഴിക്കപ്പെട്ടു പഴഞ്ഞി, മാവേലിക്കര, എന്നീ പള്ളികളിൽ ആറ് പേർ വീതവും,വടക്കൻ പറവൂർ പള്ളിയിൽ നാലുപേരും, കോലഞ്ചേരി പളളിയിലും, ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി മൂന്നുപേർ വീതം വാഴിക്കപ്പെട്ടത്. കോട്ടയം ചെറിയ പള്ളിയിലും, പഴയ സെമിനാരിയിലും രണ്ടുപേർ വീതം വായിക്കപ്പെട്ടു. കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ മൂന്നാം പ്രാവശ്യമാണ് മേൽപ്പട്ടസ്ഥാനാഭിഷേകം നടക്കുന്നത്.

കൂനൻ കുരിശു സത്യത്തിനു ശേഷം ഒന്നിലധികം തവണ മേൽപ്പട്ടസ്ഥാനാഭിഷേകം നടന്ന പള്ളികളിൽ നിരണം സെന്റ് മേരിസ് വലിയപള്ളി ( 1761, 1925, 1975 ) കോട്ടയം ചെറിയപള്ളി (1817, 1825) കോട്ടയം പഴയ സെമിനാരി (1868, 1889 ) വടക്കൻ പറവൂർ മാർത്തോമൻ പള്ളി (1876 ഡിസംബർ 3, 10) ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി (1796, 1913) പഴഞ്ഞി സെന്റ് മേരിസ് പള്ളി (1815, 1978 ) മാവേലിക്കര പുതിയകാവ് സെന്റ് മേരിസ് പള്ളി (1940, 1985) എന്നിവയും ഉൾപ്പെടുന്നു.

ഏഴ് മേൽപട്ടക്കാർ ഒരുമിച്ചു വാഴിക്കപ്പെടുന്നത് തുടർച്ചയായ രണ്ടാം തവണയാണ്. അതുവരെ പരമാവധി അഞ്ചു പേരെയാണ് ഒരുമിച്ച് മേൽപ്പട്ടകാരായി വാഴിച്ചിട്ടുള്ളത് കോട്ടയം മാർ ഏലിയാ ചാപ്പലിൽ ( 1953 മെയ് 15 ), നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ (1975 ഫെബ്രുവരി 16) പഴഞ്ഞി സെന്റ് മേരീസ് പള്ളിയിൽ (1978 മെയ് 15 ) മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ ( 1985 മെയ് 15 ), പരുമല സെമിനാരിയിൽ (1991 ഏപ്രിൽ 30) , എന്നീ പള്ളികളിൽ ഒരുമിച്ച് അഞ്ചുപേരെ വീതം വാഴിച്ചിട്ടുണ്ട്.

പരുമല സെമിനാരിയിൽ ഇതുകൂടാതെ 2005 മാർച്ച് അഞ്ച് നാലുപേര് പേരെയും, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ 1966 ആഗസ്റ്റ് 24 മൂന്നുപേരും വാഴിക്കപ്പെട്ടിട്ടുണ്ട്. രണ്ടുപേർ വീതം പലപ്രാവശ്യം വാഴിക്കപ്പെട്ടിട്ടുണ്ട്.

'അച്ചനായാൽ അച്ചനാകണം '

'അച്ചനായാൽ അച്ചനാകണം ' എന്ന തന്റെ പിതാവിന്റെ വാക്കുകൾ സഫലീകരിച്ച പോൾ എന്ന പൗലോസ് മാർ മിലിത്തിയോസ് ( പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ )

തൃശ്ശൂർ ജില്ലയിലെ മങ്ങാട് എന്ന കൊച്ചു ഗ്രാമം. അവിടെ മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്ക് ഒരു വിളിപ്പാട് അകലെയാണ് കൊള്ളന്നൂർ ഭവനം.
ഒരു സാധാരണ കർഷക കുടുംബം.
ആ കുടുംബത്തിലെ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബത്തിലെ കുഞ്ഞീറ്റിയുടെയും മൂന്നാമത്തെ മകനായി പാവുട്ടി എന്ന് വിളിക്കുന്ന പോൾ ജനിക്കുന്നു. ഈ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് വളരെ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അതിനുശേഷം 1946 ആഗസ്റ്റ് 30 ആം തീയതി മലങ്കര സഭയുടെ മഹാ ഇടയൻ ആയിത്തീർന്ന പോൾ എന്ന പൗലോസ് മാർ മിലിത്തിയോസ് തിരുമേനി ജനിക്കുന്നു. പഴഞ്ഞി സെന്റ് മേരിസ് ദേവാലയത്തിൽ വച്ച് വന്ദ്യ ജേക്കബ് കൊല്ലന്നൂർ അച്ഛനാണ് തിരുമേനിക്ക് വിശുദ്ധ മാമോദിസ നൽകിയത്. തന്റെ മൂന്നാമത്തെ മകനായ ഈ കുഞ്ഞിന്റെ ശിരസ്സിൽ മലങ്കരസഭയുടെ കാതോലിക്കാ കിരീടം ഇരിക്കുമെന്ന് ഈ മാതാപിതാക്കൾ ഒരിക്കലും സ്വപ്നംകണ്ടിട്ടുണ്ടാവില്ല.

ഈ പിതാവ് തന്റെ സ്കൂൾ വിദ്യാഭ്യാസം പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് പൂർത്തിയാക്കിയതിനുശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എ.സ്സി. ബിരുദവും, കോട്ടയം സി.എം.എസ്. കോളജിൽ നിന്ന് സോഷ്യോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും എടുത്തു.


പുരോഹിതവൃത്തിയിലേക്കുള്ള ആദ്യ ചവിട്ടുപടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഫാ.ഗീവർഗീസ് OIC ആണ് മദ്ബഹയിലേക്ക് ഈ മഹാ ഇടയനെ കൈ പിടിച്ചു കയറ്റിയത്. കൂടാതെ വന്ദ്യ ജോസഫ് കുറ്റിക്കാട്ടിൽ കോർ എപ്പിസ്കോപ്പയുടെ ശിക്ഷണത്തിൽ സുറിയാനി ഭാഷയും പഠിച്ചു. പുരോഹിതവൃത്തിയിലേക്ക് പോളിനെ കൈപിടിച്ചു നടത്തിയവരിൽ എടുത്തുപറയേണ്ട വ്യക്തിയാണ് അമ്മയുടെ മൂത്ത സഹോദരനായ ഇയ്യുകുട്ടി അച്ചാച്ചൻ. അദ്ദേഹം ദൈവവിളിക്ക് അനുസരണമായി പോളിനെ ഒരുക്കുന്നതിൽ ബന്ധശ്രദ്ധനായിരുന്നു. ജീവിതം മുഴുവൻ കാഷായ വസ്ത്രവും, ബ്രഹ്മചര്യവും, മാംസാഹാരാദികളോടുള്ള വൈമുഖ്യവുമായി ജീവിതം ജീവിച്ചു തീർത്ത സന്യാസിയാണ് അദ്ദേഹം. ചെറുപ്പത്തിൽ എല്ലാ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ കോൺഫ്രൻസുകളിൽ അദ്ദേഹം പോളിനെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ തനിക്ക് സാധിക്കാതെ പോയ ആഗ്രഹം തന്റെ സഹോദരിയുടെ മകനിൽ കൂടി സഫലികരിക്കവാൻ ആ മനുഷ്യൻ അഹോരാത്രം പരിശ്രമിച്ചിരുന്നു. വൈദിക വൃത്തിയിലേക്ക് പോകുന്നതിനുള്ള ആഗ്രഹം പോൾ പ്രകടിപ്പിച്ചപ്പോൾ അപ്പന്റെ മറുപടി ഇപ്രകാരമായിരുന്നു 'അച്ചനായാൽ   അച്ചനാകണം, പേരിനുമാത്രം നീ അച്ചനാകാൻ പോകണ്ട മാത്രമല്ല അതൊന്നും എടുത്തുവയ്ക്കുക നിന്റെ കയ്യിൽ പാത്രം ഇല്ല. പാത്രത്തിൽ കൊള്ളാവുന്നത് എടുത്താൽ മതി' എന്നായിരുന്നു. ഇത് ചെറുതായെങ്കിലും പോളിനെ നിരാശപ്പെടുത്തികാണും. സെമിനാരി പഠനത്തിന് മകനെ അയയ്ക്കാൻ ദൈവവിശ്വാസത്തിൽ ഉള്ള തീഷ്ണത അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നു എന്ന് വേണം കരുതാൻ.
ഏതൊരു മാതാപിതാക്കളും തന്റെ പുത്രൻ വിവാഹിതനായി കാണണമെന്ന് ആഗ്രഹിക്കുന്നതുപോലെ ഈ മാതാപിതാക്കളും ആഗ്രഹിച്ചിരുന്നു പക്ഷേ പോൾ അതിനൊന്നും വഴങ്ങാതെ ദൈവീക പൂർണ്ണതയുടെ ഇടുങ്ങിയ വഴിയേ യാത്ര ചെയ്യുവാൻ മനസ്സിനെ ഒരുക്കുകയായിരുന്നു.

കോട്ടയം വൈദികസെമിനാരിയിൽ നിന്ന് ജി.എസ്.റ്റിയും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ഡി. ബിരുദവും സമ്പാദിച്ചു. തുടർന്ന് 1972 ഏപ്രിൽ രണ്ടിന് പരുമല സെമിനാരിയിൽ വെച്ച് യൗപ്പദ്യക്കിനോ പട്ടവും, 1973 മെയ് 31ന് കൊരട്ടി സെമിനാരി ചാപ്പലിൽ വച്ച് പൂർണ്ണ ശെമ്മാശപട്ടവും, 1973 ജൂൺ രണ്ടിന് കൊരട്ടി സെമിനാരി ചാപ്പലിൽ വച്ച് കശീശ്ശാപട്ടവും യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും സ്വീകരിച്ചു.
മൂലേപ്പാടം, എറണാകുളം സെന്റ് മേരിസ് എന്നീ ദേവാലയങ്ങൾ സഹവികാരിയായി സേവനം അനുഷ്ഠിച്ചു. മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ വളർന്ന ഇദ്ദേഹം കോട്ടയം, തിരുവനന്തപുരം, സ്റ്റുഡന്റ് സെന്ററുകളിൽ വാർഡൻ ആയി പ്രവർത്തിച്ചു.തിരുവനന്തപുരത്തെ സ്റ്റുഡൻസ് സെന്ററിൽ വാർഡൻ ആയിരിക്കുമ്പോൾ കഴക്കൂട്ടം സൈനിക സ്കൂളിലും, പൂജപ്പുര സെൻട്രൽ ജയിലിലും വിശുദ്ധകുർബാന അർപ്പിച്ചിരുന്നു.

1982 ഡിസംബർ 28ന് തിരുവല്ലയിൽ ചേർന്ന മലങ്കര അസോസിയേഷൻ മേൽപട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കുമ്പോൾ പോളച്ചന് വയസ് 38 അസോസിയേഷനിൽ ഒരാൾ ചോദിച്ചു.." മെത്രാച്ചനാവാൻ 40 വയസ് വേണമെന്നല്ലേ?" പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവായുടെ ഉത്തരം പറഞ്ഞു " 2 വർഷം കഴിയുമ്പോൾ
40 വയസ് ആയിക്കോളും"പിന്നീട് ആരും ഒന്നും പറഞ്ഞില്ല.
1983 മെയ് 14ന് പരുമല സെമിനാരിയിൽ വെച്ച് മാത്യൂസ് മാർ കൂറിലോസ് നിന്ന് ( പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ) റമ്പാൻ സ്ഥാനവും, 1985 മെയ് 15ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ യിൽ നിന്ന് 38 വയസ്സിൽ കെ. ഐ. പോൾ റമ്പാച്ചൻ 'പൗലോസ് മാർ മിലിത്തിയോസ്' എന്നാ പേരിൽ എപ്പിസ്കോപ്പ സ്ഥാനവും സ്വീകരിച്ചു.ഡോ.ഫിലിപ്പോസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ എപ്പിഫാനിയോസ് എന്നിവരാണ് ഇദ്ദേഹത്തോടോപ്പം മേല്‍പ്പെട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായാണ് മേല്‍പ്പെട്ട സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.

തുടർന്ന് 1985 ആഗസ്റ്റ് 31 മുതൽ പുതിയതായി രൂപീകരിക്കപ്പെട്ട കുന്നംകുളം ഭദ്രാസനത്തിന്റെ അമരക്കാരനായി ചുമതലയേറ്റു.
കുന്നംകുളം ഭദ്രാസനത്തിന്റെ ആദ്യ മെത്രാപ്പോലീത്തയായി നിയമിതനായ, ഏറെ താമസിയാതെ ആർത്തറ്റ് ഭദ്രാസന ആസ്ഥാനവും ചാപ്പലും നിർമ്മിച്ചു കടന്നുവന്ന വഴികളിൽ നേരിട്ട ധാരാളം കഷ്ടപ്പാടുകൾ അഗ്നിയിൽ ഉരുക്കപ്പെട്ട പൊന്നുപോലെ ശോഭിക്കുവാൻ പരിശുദ്ധ പിതാവിനെ സഹായിച്ചു. സഭക്ക് വേണ്ടിയും അതിന്റെ സ്വാതന്ത്ര്യത്തിനും സ്വയം ശീര്‍ഷകതയ്ക്കും വേണ്ടി ത്യാഗങ്ങൾ സഹിക്കാനും, പോരാടുവാനുമുള്ള ധൈര്യവും സഹനവും ദൈവകൃപയായി ലഭിച്ചുകൊണ്ടേയിരുന്നു . പ്രഥമദൃഷ്ട്യാ തെറ്റെന്നു തോന്നിപ്പിച്ച അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും, നിലപാടുകളും തീർത്തും ശരിയാണെന്നു കാലം തെളിയിച്ചു. നിർമലമായ സ്നേഹത്തോടും സന്തോഷത്തോടും കൂടി എല്ലാവരെയും കരുതുവാനുള്ള വലിയ മനസ്സും, തെറ്റിനോട് കർക്കശമായി പെരുമാറാനുള്ള ആർജവത്വവും ഇതിനോടകം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കുന്നംകുളം ഭദ്രാസനത്തിനു ഉണ്ടായിട്ടുള്ള വളർച്ച അദ്ദേഹത്തിന്റെ ഭരണ നൈപുണ്യത്തിനു ഉദാഹരണം ആണ്. വൈദിക ക്ഷേമനിധിയുടെ സെക്രട്ടറി, കൊച്ചി ഭദ്രാസന മർത്തമറിയം സമാജം പ്രസിഡന്റ് പഴഞ്ഞി എം. ഡി. കോളേജ് ലോക്കൽ മാനേജർ, എന്നീ നിലകളിൽ പ്രവർത്തിച്ച തിരുമേനി സ്ഥാനമേറ്റ ആദ്യകാലങ്ങളിൽ കൊച്ചി ഭദ്രാസനത്തിൽ യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റ് ആയിട്ട് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ്, സൺഡേസ്കൂൾ പ്രസ്ഥാനം പ്രസിഡണ്ട് യുവജനപ്രസ്ഥാനം പ്രസിഡന്റ് എന്നീ നിലകളിൽ നിസ്തുലമായ പ്രവർത്തനം കാഴ്ചവയ്ക്കുകയുണ്ടായി.

2006 ൽ പരുമലയിൽ കൂടിയ മലങ്കര അസോസിയേഷൻ പൗരസ്ത്യ കാതോലിക്കയുടെയും, മലങ്കര മെത്രാപ്പോലീത്തയുടെയും പിൻഗാമിയായി തിരഞ്ഞെടുത്തു.
2010 നവംബർ ഒന്നാം തീയതി പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന നാമത്തിൽ മലങ്കര സഭാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

സഭയിൽ ശാശ്വതവും സുസ്ഥിരവുമായ സമാധാനത്തിനു വേണ്ടിയും വ്യവഹാര -കലഹ രഹിതമായ ഒരു മലങ്കര സഭ നിലനിൽക്കുന്നതിനു വേണ്ടി ആഗ്രഹിക്കുകയും, പ്രാർഥിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പിതാവാണ് പരിശുദ്ധ ബാവാ തിരുമേനി. 2017 ജൂലൈ മൂന്നിലെ വിധിക്കുശേഷം സഭ ഒന്നായി കാണുന്നതിന് വേണ്ടി, മലങ്കര സഭയുടെ വാതിൽ എല്ലാവർക്കും വേണ്ടി തുറന്നിട്ടുകൊണ്ടു (നിയമത്തിനും ഭരണഘടനക്കും വിധേയമായി ) സമാധാന കല്പന പുറപ്പെടുവിക്കുകയും, അന്ത്യോഖ്യയുടെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവായെ ചർച്ചക്കായി ക്ഷണിക്കുകയും, അദ്ദേഹത്തിന്റെ മലങ്കര സന്ദർശനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടും എതിര്‍ഭാഗത്തുനിന്നും അനുകൂലമായ ഒരു പ്രതികരണം ഉണ്ടാകാഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി. എങ്കിലും ശാശ്വത സമാധാനത്തിനു വേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ പ്രവർത്തനം തുടരുന്നു.

ആഗോള ക്രൈസ്തവ സഭാ തലത്തിൽ അറിയപ്പെടുന്ന ഒരു സഭാ പിതാവാണ് അദ്ദേഹം. 2012 നവംബർ 18 ന് കെയ്‌റോയിൽ നടന്ന കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ തെവോദ്രോസ്‌ രണ്ടാമന്റെ സ്ഥാനാരോഹണ ശ്രുശ്രൂഷയിൽ പ്രത്യേക ക്ഷണിതാവായും,
2013 ഫെബ്രുവരി 28 ന് എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ആബൂനാ മത്യാസ് പാത്രിയാര്‍ക്കീസിന്റെ സ്ഥാനാരോഹണത്തിൽ മുഖ്യാതിഥിയായും പങ്കെടുത്തു.
2013 സെപ്റ്റംബർ 5ന് വത്തിക്കാനിൽ പ്രത്യേക ക്ഷണിതാവായി എത്തി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി.
2013 സെപ്റ്റംബർ 9ന് ആംഗ്ലിക്കൻ സഭാ ആസ്ഥാനമായ ലാംബെത്‌ പാലസിൽ നടന്ന എക്യൂമിനിക്കല്‍ സമ്മേളനത്തിലും ഒക്ടോബർ 3ന് വിയന്നയിൽ പ്രൊഓറിയന്റൽ എക്യൂമിനിക്കല്‍സമ്മേളനത്തിലും മുഖ്യാതിഥി ആയി പങ്കെടുത്തു.

പരിശുദ്ധ പിതാവിന്റെ മുഖ്യ നേതൃത്വത്തിൽ
2012 എറണാകുളം മറൈൻഡ്രൈവിൽ വെച്ച് കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ നടത്തുകയും അതിൽ മുഖ്യഅതിഥിയായി ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റ് ഡോക്ടർ അബ്ദുൽ കലാമും മറ്റ് വിവിധ രാഷ്ട്രീയ സാമൂഹിക മത നേതാക്കളും പങ്കെടുക്കുകയുണ്ടായി. കൂടാതെ 2016 നവംബർ മാസം കുന്നംകുളത്ത് വെച്ച് മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തായുടെ ചരമദ്വിശതാബ്ദി സമ്മേളനം നടത്തുകയുണ്ടായി ഇതിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് പങ്കെടുക്കുകയുണ്ടായി.
പരിശുദ്ധ പിതാവിന്റെ സ്വപ്നപദ്ധതിയായ സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷണൽ ക്യാൻസർ കെയർ സെന്റർ പരുമല ഇന്ന് ആതുരസേവനരംഗത്ത് ഒരു മുതൽക്കൂട്ടായി പ്രവർത്തിക്കുന്നു. കൂടാതെ സ്നേഹസ്പർശം പദ്ധതിയിലൂടെ അനേക പാവപ്പെട്ട രോഗികൾക്ക് ഈ സ്ഥാപനത്തിലൂടെ ഉന്നതമായ ചികിത്സ നൽകുവാനും സാധിക്കുന്നു എന്നത് ഈ പിതാവിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമാണ്.
കൂടാതെ 2018 മാർച്ച് മാസം 23 ആം തീയതി ദേവലോകം അരമന ചാപ്പലിൽ വച്ച് പരിശുദ്ധ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂറോൻ കൂദാശയും നടത്തുവാൻ സാധിച്ചു.

വചനം വിടരുന്നു, വിനയ സ്മിതം, നിഷ്കളങ്കതയുടെ സൗന്ദര്യം, അനുഭവങ്ങൾ ധ്യാനങ്ങൾ എന്നിവ പരിശുദ്ധ പിതാവിന്റെ കൃതികളാണ്.
അച്ചൻ ആയാൽ അച്ചൻ ആകണമെന്ന് പിതാവിന്റെ വാക്കുകൾ സ്വയം വരിച്ച പരിശുദ്ധ സഭയാകുന്ന നൗകയെ നയിക്കുന്ന പോൾ എന്ന പൗലോസ് മാർ മിലിത്തിയോസിന് ഭൗതിക സമ്പത്തിനേക്കാൾ ഉപരി മാതാപിതാക്കൾ കൈമാറി കൊടുത്താത് ദൈവവിശ്വാസം എന്ന പൈതൃക സ്വത്താണ്. ദൈവവിശ്വാസം മുറുകെ പിടിച്ച് സർവ്വവും ദൈവത്തിനു സമർപ്പിച്ച് പരിശുദ്ധ പിതാവിന് ഈ സഭയെന്ന നൗകയെ മുന്നോട്ട് നയിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കിഴക്കിന്റെ കാതോലിക്കാ മാരുടെ ശ്രേണിയിൽ തൊണ്ണൂറ്റി ഒന്നാമത്തെ കാതോലിക്കായും, കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിച്ച ശേഷം എട്ടാമത്തെ കാതോലിക്കായും, ഇരുപത്തി ഒന്നാമത്തെ മലങ്കര മെത്രാപ്പോലീത്തായും ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ( പൗലോസ് മാർ മിലിത്തിയോസ് )പരിശുദ്ധ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ ബാവാ തിരുമേനിക്ക്, മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ 35 ആം വാർഷിക ദിനത്തിൽ എല്ലാ ആശംസകളും അവിടുത്തെ ത്യപ്പാദങ്ങളിൽ അർപ്പിച്ചു കൊള്ളുന്നു.

"വിശുദ്ധിയുടെ സുഗന്ധം വീശുന്ന വലിയ ബാവാ"

ആടുകളെ മേയിച്ചിരുന്ന ദാവീദ് എന്ന ബാലനിൽ ശമുവേൽ പ്രവാചകൻ ഇസ്രായേലിന്റെ ഭാവി ഇടയനെ കണ്ടെത്തി ദൈവാത്മാവിലായിരുന്നു ആ തിരഞ്ഞെടുപ്പ്. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ സി. എം. തോമസ് റമ്പാൻ ആണ് ( പിന്നീട് തോമ്മാ മാർ ദിവന്നാസിയോസ് ) കുഞ്ഞോമ്മാച്ചൻ എന്ന സി. റ്റി. തോമസിനെ 1939-ൽ കണ്ടെത്തിയത്. പത്തനാപുരത്ത് മൗണ്ട് താബോർ സന്യാസ പ്രസ്ഥാനം തുടങ്ങിയ സി. എം. തോമസ് റമ്പാൻ എന്ന തോമ്മാ മാർ ദിവന്നാസിയോസ് പുതിയകാവ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വന്നപ്പോൾ അഞ്ചാം തുബ്ദേൻ വായിച്ചത് ചെട്ടികുളങ്ങര ഗവൺമെന്റ് മലയാളം സ്കൂൾ വിദ്യാർഥിയായ കുഞ്ഞോമ്മാച്ചൻ ആയിരുന്നു. കുഞ്ഞോമ്മാച്ചന്റെ ഹൃദ്യമായ വായനയിൽ ആകൃഷ്ടനായ അദ്ദേഹം അപ്പനെ വിളിപ്പിച്ചു. തിരുവല്ല നെടുമ്പ്രം മുളമൂട്ടിൽ ഇട്ടിയവര തോമസിന്റെയും മാവേലിക്കര ചിറമേൽ ശോശാമ്മയുടെയും നാലാമത്തെ പുത്രനായ സി. റ്റി. തോമസിനെ ദയറായിലേക്ക് വേണമെന്ന് ആവശ്യപ്പെട്ടു. മകനെ യാതൊരു വൈമനസ്യവും കൂടാതെ ദൈവ വേലയ്ക്കായി പിതാവ് വിട്ടുകൊടുത്തു. അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ മൗണ്ട് താബോർ ദയറായിൽ എത്തിയ സി. റ്റി. തോമസ് ആണ് പിന്നീട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ആയിതീർന്നത്.


1921 ഒക്ടോബർ 29ന് ആണ് സി. റ്റി. തോമസ് ജനിച്ചത്. അദ്ദേഹത്തിന്റെ പ്രൈമറി സ്കൂൾ പഠനം പുതിയകാവ് പള്ളിയുടെ പ്രൈമറി സ്കൂളിൽ ആയിരുന്നു. എല്ലാ ഞായറാഴ്ചയും ആരാധനയിൽ പങ്കെടുക്കുകയും സൺഡേസ്കൂളിൽ മുടങ്ങാതെ പഠിക്കുകയും ചെയ്ത തോമസിന്റെ ബാല്യകാലം പുതിയകാവ് പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷയ്ക്ക് 1933-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ കൈവെപ്പ് നൽകി. അദ്ദേഹത്തിന്റെ പ്രാർത്ഥന ജീവിതത്തിന്റെ മുഖ്യമാതൃക മാതാപിതാക്കളായിരുന്നു. അവർ പ്രാർത്ഥന ജീവിതം ഉള്ളവരും ദൈവഭക്തിയുള്ള വരുമായിരുന്നു.
തന്റെ പതിനെട്ടാമത്തെ വയസ്സിൽ മൗണ്ട് താബോർ ദയറായിൽ എത്തിയ സി. റ്റി. തോമസിന് ഗുരുവിന്റെ കൂടെയുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു. പന്ത്രണ്ടാം വയസ്സിൽ പുതിയകാവ് പള്ളി മദ്ബഹായിൽ കയറി തുടങ്ങിയ സി.റ്റി. തോമസിന് ആരാധനയും, നോമ്പും, ഉപവാസവും, ജീവിതവ്രതമായി. അരക്കെട്ടും, തടി കുരിശുമായി സന്യാസിയുടെ കുപ്പായമണിഞ്ഞപ്പോൾ പുത്തൻ അനുഭവമായി. ഗുരുവിന്റെ ദർശനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സി. റ്റി തോമസിനു കഴിഞ്ഞു. ഗുരുവിന്റെ കൂടെ ദയറായിൽ സുറിയാനി, സഭാ വിശ്വാസപഠനം, ആരാധന പരിശീലനം എന്നിവയും ഉണ്ടായിരുന്നു. ധ്യാനം, മൗനം, മിതഭാഷണം, കുമ്പസാരം, വായന, വി. കുർബ്ബാന അനുഭവം എന്നിവ ജീവിത വൃതം പോലെയായി. ദയറ ജീവിത പരിശീലനത്തോടൊപ്പം സ്കൂൾ പഠനവും തുടർന്നു. തോമ്മാ മാർ ദിവന്നാസിയോസ് 1926-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ആയിരുന്നു ഹൈസ്കൂൾ പഠനം. സന്യാസ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും, കഠിനമായ അച്ചടക്കവും, ഗുരുവിന്റെ വചനങ്ങളും സി. റ്റി. തോമസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ദയറാ ജീവിത പരിശീലനത്തിന്റെ പ്രാഥമിക പടിയായി സി.റ്റി തോമസ് 1941-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു.

കോളേജ് വിദ്യാഭ്യാസത്തിനായി ഇന്റർ മീഡിയറ്റിന് കോട്ടയം സി. എം. എസ്. കോളജിൽ ചേർന്നു. അക്കാലത്ത് പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെയും, പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായുടെയും കീഴിൽ പരിശീലനത്തിന് അവസരം ലഭിച്ചു. പരിശുദ്ധ ഔഗേൻ ബാവാ ആയിരുന്നു ദിദിമോസ് പ്രഥമൻ ബാവയുടെ സുറിയാനി മൽപ്പാൻ.
തുടർന്ന് തമിഴ്നാട്ടിൽ തൃശിനാപള്ളിയിൽ നാഷണൽ കോളേജിലായിരുന്നു ബിരുദ പഠനം. അതിനുശേഷം പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിപ്പിക്കുവാൻ തോമ്മാ ആ ദിവന്നാസിയോസ് നിയോഗിച്ചു. ശെമ്മാശൻ ആയിരിക്കുമ്പോൾ ആണ് വിദ്യാർഥികളെ പഠിപ്പിക്കുവാൻ എത്തിയത്. ഹൃസകാലത്തെ അധ്യാപനത്തിന് ശേഷം അദ്ദേഹം കാൺപൂരിൽ ക്രൈസ്റ്റ് ചർച്ച് കോളേജിൽ ആണ് ഉപരിപഠനത്തിന് ചേർന്നത്. മദ്രാസ് വെസ്റ്റേൺ ട്രെയിനിങ് കോളേജിൽ നിന്നും ബി. എഡ് സമ്പാദിച്ചിട്ടാണ് അദ്ദേഹം തൃശിനാപ്പള്ളി പൊന്നയ്യാ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി എത്തിയത്.
1950 ജനുവരി 26 ആം തീയതി പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ വച്ച് സിറ്റി തോമസ് ശെമ്മാശനെ പദവിയിലേക്ക് കശ്ശീശ പദവിയിലേക്ക് ഉയർത്തി. ഒരിടത്തും വികാരി സ്ഥാനം നൽകിയിരുന്നില്ല. എന്നാൽ തിരുവല്ല, വേങ്ങൽ സെന്റ് ജോർജ് എന്നിവിടങ്ങളിൽ രണ്ടുവർഷത്തോളം ക്രമമായി വിശുദ്ധ കുർബാന അർപ്പിച്ചു.
തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ തമിഴ്നാട് മിഷൻ ഭാഗമായി പ്രവർത്തിക്കുന്ന ഹൈസ്കൂളിൽ 1955 മുതൽ 1959 വരെ ഫാ. തോമസ് സേവനമനുഷ്ഠിച്ചു. 1961-ൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി. തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനി 1964 ൽ സെന്റ് സ്റ്റീഫൻസ് കോളേജ് സ്ഥാപിച്ചപ്പോൾ ഫാ. സി. റ്റി. തോമസ് അവിടെ ഇംഗ്ലീഷ് വിഭാഗം മേധാവിയും, വൈസ് പ്രിൻസിപ്പലുമായി.

1965 മെയ് മാസം 16 തീയതി പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവാ വായിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1964 ഡിസംബർ 28ന് കോട്ടയം എം ഡി സെമിനാരി വച്ച് പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വച്ച് ഫാ. സി. റ്റി തോമസിനെ മേൽപ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. തുടർന്ന് 1966 ഓഗസ്റ്റ് മാസം 24ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വച്ച് സി. റ്റി തോമസ് റമ്പാച്ചാനെ തോമസ് മാർ തിമോത്തിയോസ് എന്ന പേരിൽ, ഫിലിപ്പോസ് മാർ തെയോഫിലോസ്, യൂഹാനോൻ മാർ സേവേറിയോസ് എന്നിവരോടൊപ്പം പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.
മെത്രാൻ സ്ഥാനം ഏറ്റതിനുശേഷം മലബാർ ഭദ്രാസനത്തിന്റെ സഹായമെത്രാനായി. 1966 നവംബർ ഒന്നിന് കല്പന ലഭിച്ച തോമസ് മാർ തിമോത്തിയോസ് നവംബർ 11-നു മലബാറിൽ എത്തുന്നത്.
1953ൽ രൂപം പ്രാപിച്ച മലബാർ ഭദ്രാസനത്തിന്റെ ആദ്യത്തെ മെത്രാപ്പോലീത്തയായിരുന്ന പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ശേഷം, ഭദ്രാസനത്തിലെ രണ്ടാമത്തെ മെത്രാപ്പോലീത്തായും മലബാർ ഭദ്രാസനത്തിന്റെ ആധുനിക ശില്പിയുമായ തോമസ് മാർ തിമോത്തിയോസ് 1968 ഫെബ്രുവരി രണ്ടിന് സ്ഥാനമേൽക്കുമ്പോൾ മലബാറിൽ 80 പള്ളികളാണ് ഉണ്ടായിരുന്നത്. മിക്കവാറും ഓലമേഞ്ഞ കെട്ടിടങ്ങൾ ആയിരുന്നു. അരമനയും ഉണ്ടായിരുന്നില്ല. 1967 ചാത്തമംഗലത്തു അരമനക്ക് സ്ഥലം വാങ്ങുകയും അരമന പണികഴിപ്പിക്കുകയും ചെയ്തു. താബോറിൽ നിന്ന് മറ്റൊരു മലമുകളിൽ എത്തിയപ്പോൾ തന്റെ ആസ്ഥാനത്തിന് മൗണ്ട് ഹെർമൻ എന്നാണ് പേരിട്ടത്. താബോറിന്റെ മണ്ണിൽ നിന്നു ലഭിച്ച സന്യാസ പരിശീലനവും, അച്ചടക്കം, വിശ്വാസ സ്ഥിരതയും, സഭ തീഷ്ണതയും ആയിരുന്നു ഭദ്രാസന ഭരണത്തിന് എത്തിയപ്പോൾ ഉണ്ടായിരുന്ന കൈമുതൽ.
തിരുമേനിയുടെ ആത്മീയ നേതൃത്വത്തിൽ ഭദ്രാസനത്തിലെ ആത്മീയ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം പുതിയ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. മാർ തിമോത്തിയോസ് ഭദ്രാസനത്തെ ശക്തിപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അണ് സഭയിൽ വീണ്ടും പ്രതിസന്ധി തുടങ്ങിയത്. അതിന്റെ തിക്ത അനുഭവം ഏറെ ഉണ്ടായത് മലബാറിലാണ്. എന്നാൽ തിരുമേനിയുടെ പ്രാർത്ഥനയും ദൈവവിശ്വാസവും കൊണ്ട് മലബാർ ഭദ്രാസനത്തിലെ പ്രശ്നങ്ങൾ ഓരോന്നായി അവസാനിച്ചു. വൈദികരും അത്മായരും ഒറ്റക്കെട്ടായി തിരുമേനിയുടെ കീഴിൽ അണിനിരന്നു.
1974 ൽ ചുങ്കത്തറയിൽ ആരംഭിച്ച കൺവെൻഷൻ മലബാറിലെ പ്രധാന ആധ്യാത്മിക സംഗമങ്ങളിൽ ഒന്നായി.
മലബാർ ഭദ്രാസനത്തിൽ തിരുമേനി ആരംഭിച്ച അട്ടപ്പാടി മിഷൻ സഭയ്ക്ക് ഒരു വലിയ മുതൽക്കൂട്ടാണ് ഇന്ന്.
എരുമമുണ്ടയിൽ 1982 ൽ ആരംഭിച്ച സെന്റ് തോമസ് ഹോം, 1990 ൽ ചേവായൂരിൽ ആരംഭിച്ച ഗ്രിഗോറിയോസ് ഗൈഡൻസ് സെന്റർ, എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളും തിരുമേനിയുടെ ഭരണകാലത്ത് ആരംഭിച്ചതാണ് തന്റെ മെത്രാൻ സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത് നിർധനരായ 25 പേർക്ക് വീടുകൾ നിർമ്മിച്ച് കൊണ്ടായിരുന്നു.
മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായി 4 ദശാബ്ദങ്ങൾ പ്രവർത്തിച്ച തിമോത്തിയോസ് തിരുമേനി സഭാ അംഗങ്ങൾക്ക് നവീനമായ ആത്മീയ ചൈതന്യം പകർന്നു.
മലബാർ ഭദ്രാസനത്തിൽ തന്റെ പിൻഗാമിയായി ഡോക്ടർ സഖറിയാസ് മാർ തെയോഫിലോസ് തിരുമേനിയെ ആശീർവദിച്ചു കൊണ്ടാണ് മലബാറിന്റെ ഈ നല്ല ഇടയൻ ദേവലോകത്തേക്ക് വന്നത്.
നിയുക്ത കാതോലിക്കയായി തോമസ് മാർ തിമോത്തിയോസിനെ പരിശുദ്ധ സുന്നഹദോസ് ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. 1992 സെപ്റ്റംബർ 10ന് പരുമല സെമിനാരിയിൽ കൂടിയ
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഈ പിതാവിനെ പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു.
സഭയുടെ സങ്കീർണമായ ഘട്ടത്തിലാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ മലങ്കര സഭയുടെ ഇരുപതാമത്തെ മലങ്കര മെത്രാപ്പോലീത്തയും ഏഴാമത്തെ പൗരസ്ത്യ കാതോലിക്കായും സ്ഥാനമേറ്റത്.
2005 ഒക്ടോബർ 29ന് പരുമലയിൽ വച്ച് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ പരിശുദ്ധ പിതാവ് 2005 ഒക്ടോബർ 31 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ ദിദീമോസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കാ ആയി സ്ഥാനമേറ്റു.
മലങ്കരയുടെ അമരക്കാരൻ എന്ന നിലയിൽ ദിദീമോസ് പ്രഥമൻ വലിയ ബാവായുടെ സംഭാവനകൾ അനവധിയാണ്. മലങ്കരസഭയിൽ സമ്പൂർണ ജനാധിപത്യം നടപ്പാക്കാൻ വലിയ ബാവ നേതൃത്വം നൽകി.അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ നാലുതവണ മലങ്കര അസോസിയേഷൻ വിളിച്ചുകൂട്ടുകയും, ഒരുതവണ തന്റെ പിൻഗാമിയെയും, മറ്റൊരു തവണ തന്റെ കൂട്ട് ട്രസ്റ്റികളെയും, മറ്റ് രണ്ട് തവണകളിലായി 14 മെത്രാന്മാരെയും തെരഞ്ഞെടുത്തു.
മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്ത ഈ 14 പേർക്ക് മെത്രാൻ സ്ഥാനം നൽകുവാനുള്ള ഭാഗ്യവും, 2009 ഏപ്രിൽ മൂന്നിന് പരിശുദ്ധ മൂറോൻ കൂദാശ നടത്താനുള്ള ഭാഗ്യവും ഈ പിതാവിന് ലഭിച്ചു. പള്ളി ഇടവക പൊതുയോഗങ്ങളിൽ വനിതകളെ ഉൾപ്പെടുത്തി അംഗത്വം നൽകിയതും പരിശുദ്ധ ദിദിമോസ് ബാവായുടെ ഭരണകാലത്താണ്
കൂടാതെ മലങ്കര അസോസിയേഷനിൽ വരണാധികാരിയായി രണ്ടുതവണ ഒരു വനിതയെ നിയമിച്ചതും ദിദിമോസ് ബാവയാണ്.

മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിലും പൗരസ്ത്യ കാതോലിക്കാ എന്ന നിലയിലും പരിശുദ്ധ പിതാവിന്റെ ഏറ്റവും വിശിഷ്ടമായ സംഭാവന സഭയിലെ ആത്മീയ നവോത്ഥാനമാണ്. സഭയുടെ വളർച്ചയുടെ സൂചനയായി എടുത്തു പറയാനുള്ള ഒരു കാര്യം ഭദ്രാസനങ്ങളുടെ വളർച്ചയാണ്. മലങ്കര സഭയ്ക്ക് ഇപ്പോൾ 31 ഭദ്രാസനങ്ങൾ ആണ് ഉള്ളത്. ഇതിൽ അഹമ്മദബാദ് ( കല്പന നമ്പർ. 93/2009), ബാംഗ്ലൂർ, ബ്രഹ്മവാർ( കല്പന നമ്പർ. 389/2010) , അടൂർ - കടമ്പനാട്, കൊട്ടാരക്കര - പുനലൂർ, റാന്നി - നിലയ്ക്കൽ ഭദ്രാസനങ്ങൾ ബാവായുടെ ഭരണകാലത്ത് രൂപം കൊണ്ടവയാണ്.
ഭദ്രാസനങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചു.
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എപ്പിസ്കോപ്പൽ സിനഡിന് അധ്യക്ഷനായി ഇരിക്കാനുള്ള ഭാഗ്യവും ദിദിമോസ് ബാവായ്ക്ക് ലഭിച്ചു. മെത്രാന്മാരുടെ തെരഞ്ഞെടുപ്പിൽ പല കാലത്തും പെരുമാറ്റച്ചട്ടവും മാനദണ്ഡങ്ങളും ഉണ്ടായിരുന്നു എങ്കിലും, അച്ചടക്കത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത ഉള്ള ബാവാ മെത്രാൻ തെരഞ്ഞെടുപ്പിന് വ്യക്തമായ ഒരു മാനദണ്ഡവും പെരുമാറ്റച്ചട്ടവും രൂപീകരിച്ചത് ദിദീമോസ് ബാവായുടെ കാലഘട്ടത്തിൽ അണ്. 2009-ൽ പാമ്പാക്കുടയിലും 2010 ശാസ്താംകോട്ടയിലും നടത്തിയ മലങ്കര അസോസിയേഷൻ ഈ ചട്ടങ്ങൾ കർശനമായി നടപ്പാക്കി.
മലങ്കര അസോസിയേഷനിൽ പാരമ്പര്യ പ്രകാരം ഉള്ള മലങ്കര മെത്രാന്റെ അംശ വസ്ത്രം ധരിക്കുന്ന പതിവ് പുനസ്ഥാപിച്ചത് ദിദീമോസ് പ്രഥമൻ ബാവ ആണ്.
ദിദിമോസ് പ്രഥമന്റെ ഭരണകാലത്ത് നടന്ന ചരിത്രപ്രധാനമായ ഒരു സംഘമമായിരുന്നു 2008 നവംബർ 16ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കോട്ടയം മഹാ സമ്മേളനം.
ലോകത്തിലെ വിവിധ ഓർത്തഡോക്സ് സഭകളും ആയുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സാഹോദര്യബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ഭരണകാലത്ത് അവസരങ്ങൾ ഉണ്ടായി.
ദിദിമോസ് ബാവായുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് കിറിൽ മെത്രാപ്പോലിത്ത, അർമേനിയൻ സുപ്രീം കാതോലിക്കാ കരേക്കിൻ രണ്ടാമൻ, എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ പൗലോസ്, സെലിഷ്യൻ കാതോലിക്കാ അരാം പ്രഥമൻ എന്നിവരും മലങ്കരസഭ സന്ദർശിച്ചു.
സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. സാം കോമ്പിയാ ദേവലോകത്തെത് ദിദീമോസ് പ്രഥമൻ ബാവായെ സന്ദർശിച്ചു.
ആഫ്രിക്കൻ രാജ്യമായ ലോസോത്തൊയിലെ ഉപ പ്രധാനമന്ത്രി അർബട്ട് ലിഹാലയും ദേവലോകത്ത് വന്ന് പരിശുദ്ധ പിതാവിനെ സന്ദർശിച്ചു.
കോപ്റ്റിക് സഭാതലവൻ പോപ്പ് ഷിനുഡാ മൂന്നാമനെ കെയ്റോയിൽ വെച്ചും അസീറിയൻ പാത്രിയർക്കീസ് ദിൻഹാ നാലാമനെ ചിക്കാഗോയിലും വെച്ച് സന്ദർശിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള അഭേദ്യ ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സൂചനയായി അർമേനിയൻ സുപ്രീം കാതോലിക്കാ അരാം പ്രഥമനും, എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ പൗലോസിനു പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ മലങ്കര സഭയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് സെന്റ് തോമസ്" നൽകി ആദരിച്ചു.

കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമനെ "സഭ തേജസ്" എന്ന സ്ഥാനനാമം നൽകി ആദരിച്ചതും ദിദിമോസ് പ്രഥമൻ ബാവായുടെ സമയത്താണ്.

മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ ശേഷം ദിദീമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ 2006 ഒക്ടോബർ 12ന് പരുമലയിൽ വിളിച്ചുകൂട്ടിയ മലങ്കര അസോസിയേഷൻ വച്ചാണ് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ മിലിത്തിയോസിനെ
നിയുക്ത കാതോലിക്കായായി തെരഞ്ഞെടുത്തത്. നിയുക്ത കാതോലിക്കായുടെ തിരഞ്ഞെടുപ്പ് കോടതി മുഖേന തടസപ്പെടുത്താൻ ശ്രമം ഉണ്ടായിരുന്നുവെങ്കിലും അത് സംബന്ധിച്ച് അനുകൂലമായ സാഹചര്യം ഉണ്ടായത് പരിശുദ്ധ ബാവായുടെ പ്രാർത്ഥനയുടെ ശക്തി തന്നെയായിരുന്നു. തന്റെ 5 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം 2010 ഒക്ടോബർ 31ന് പരിശുദ്ധ പിതാവ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമൊഴിഞ്ഞു.
2010 നവംബർ ഒന്നിന് തന്റെ പിൻഗാമിയായി പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായെ വാഴിച്ചതോടെ കാതോലിക്ക സ്ഥാനവും പരിശുദ്ധ പിതാവ് ത്യജിച്ചു. തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ദിദിമോസ് പ്രഥമൻ ബാവായെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മലങ്കരയുടെ "വലിയ ബാവാ" ആയി പ്രഖ്യാപിച്ചു.
ദിദിമോസ് ബാവ സ്ഥാനമൊഴിഞ്ഞത് പുതിയ കീഴ്‌വഴക്കം സഭയിൽ സൃഷ്ടിച്ചുകൊണ്ടാണ്
മുൻഗാമികളിൽ നിന്ന് അഭിഷിക്തനായ ദിദിമോസ് ബാവ പിൻഗാമിയെ വാഴിച്ചു കൊണ്ടാണ് സ്ഥാനത്യാഗം ചെയ്തത്.
ഒരു സന്യാസിയുടെ നിസ്സംഗതയോടെ വലിയ ബാവാ അധികാരം വിട്ടൊഴിഞ്ഞു, അത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു.പിൻഗാമിയെ വാഴിക്കാൻ പരുമല പള്ളിയിൽ നടന്ന ശുശ്രൂഷയിൽ ദിദിമോസ് പ്രഥമൻ ബാവാ മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തു. 2014 ഫെബ്രുവരി 21 കോട്ടയം കാതോലിക്കേറ്റ് അരമനയിൽ വെച്ച് കന്തില ശുശ്രൂഷ സ്വീകരിച്ചു. 2014 മെയ് 26ന് വൈകിട്ട് 7:30ന് പരുമല ആശുപത്രിയിൽവച്ച് കാലംചെയ്ത പരിശുദ്ധ പിതാവിനെ 2014 മെയ് മാസം 28 ആം തീയതി പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടക്കി.

മലങ്കര സഭയുടെ സമഗ്ര വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ അതുല്യ വ്യക്തിത്വം ആണ് പരിശുദ്ധ കാതോലിക്ക ബാവാ. പ്രാർത്ഥന, ധ്യാനം, മൗനം എന്നിവയിലൂടെ ഈ മഹർഷി വര്യൻ മലങ്കര സഭയെ ശക്തികരിച്ചു.
പ്രതിസന്ധികളിലും ഭിന്നതകളും വ്യവഹാരങ്ങളിലും ആടി ഉലഞ്ഞ സഭയെ അചഞ്ചലമായ വിശ്വാസത്തോടെയും, ദൈവശ്രായ ബോധത്തോടെയും നയിച്ച ഈ പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന നമുക്ക് കോട്ട ആയിരിക്കട്ടെ.